---
title: "കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും"
english_title: "A Kannur native is among those killed in the fake alcohol tragedy in Kuwait."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308624/A Kannur native is among those killed in the fake alcohol tragedy in Kuwait."
published_at: "2025-08-15T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689eb3cb896c3_Screenshot_20250815_093820_Samsung_Internet.jpg"
keywords: []
---

# കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

> **Lead Summary:** കുവൈത്ത്: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ പ്രവാസിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ ആണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.

## Article Content

കുവൈത്ത്: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ പ്രവാസിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ ആണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുമ്പാണ് നാട്ടിൽ വന്ന് മടങ്ങിയത്.

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് ഏഷ്യക്കാരെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 63 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടമായതായാണ് വിവരം.

മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരിൽ അഞ്ച് മലയാളികളുണ്ടെന്നാണ് സൂചന. നാല് തമിഴ്‌നാട് സ്വദേശികൾക്കും ആന്ധ്രാപ്രദേശിൽ നിന്നുള്ള രണ്ട് പേർക്കും ഉത്തർപ്രദേശിൽ നിന്നുള്ള ഒരാൾക്കും ജീവൻ നഷ്ടമായി.

വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.

ചികിത്സയിൽ കഴിയുന്ന പലരുടെയും വൃക്കകൾ തകരാറിലായിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. കുവൈത്തിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

മദ്യത്തിൽ മെഥനോൾ കലർന്നതാണ് അപകട കാരണമെന്നാണ് കണ്ടെത്തൽ. ജലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്.

അതേസമയം സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം രാവിലെയോടെ വീട്ടിലെത്തിക്കും.സംസ്കാരം പിന്നീട്. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റേയും ഗിരിജയുടേയും മകനാണ് മരിച്ച സച്ചിൻ. ഭാര്യ ഷിബിന, മകൾ സിയ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308624/A Kannur native is among those killed in the fake alcohol tragedy in Kuwait.)